ചണ്ഡിഗഡ്: രഞ്ജി ട്രോഫി എലൈറ്റ് പോരാട്ടത്തിൽ കേരളത്തിനെതിരെ റണ്‍മല തീർത്ത് പഞ്ചാബ്. ഒന്നാം ഇന്നിംഗ്സിസിൽ 436 റൺസിന് പഞ്ചാബ് ഓൾഔട്ടായി. ഹർനൂർ സിംഗിന്റെ മികവിലാണ് പഞ്ചാബ് മികച്ച സ്കോർ കണ്ടെത്തിയത്.
ഹർനൂർ സിംഗ് 170 റണ്‍സാണ് അടിച്ചെടുത്തത്. 343 പന്തുകൾ നേരിട്ട ഹർനൂർ 13 ഫോറുകളുടെ അകന്പടിയോടെയാണ് മികച്ച സ്കോർ കണ്ടെത്തിയത്. ആറ് വിക്കറ്റ് നഷ്ടത്തിൽ 240 റണ്‍സിന് രണ്ടാം ദിനം കളി പുനരാംഭിച്ച പഞ്ചാബിനായി ഹർനൂറിനു പുറമേ പ്രീരിത് ദത്തയും മായങ്ക് മാർകണ്ഡേയും മികച്ച ഇന്നിംഗ് പുറത്തെടുത്തു.
പ്രീരിത് ദത്ത 145 പന്തിൽ 72 റണ്‍സെടുത്താണ് മടങ്ങിയത്. മായങ്ക് മാർകണ്ഡേയ 141 പന്തുകളിൽ പുറത്താകാതെ 48 റണ്‍സെടുത്തു. ക്രിഷ് ഭഗത് 28 റണ്‍സും നേടി.
കേരളത്തിനായ അങ്കിത് ശർമ നാല് വിക്കറ്റ് വീഴ്ത്തി. എൻ.പി. ബേസിലും ബാബാ അപരാജിതും രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം രണ്ടാം ദിനം കളി അവസാനിക്കുന്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് നേടി. നാല് റൺസെടുത്ത എൻ.പി. ബേസിലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ഏഴ് റൺസുമായി വത്സല്‍ ഗോവിന്ദും രണ്ട് റൺസുമായി അങ്കിത് ശർമയുമാണ് ക്രീസിൽ.